Saturday 24 December 2022

പോകാനിടമില്ലാത്തവന്റെ അവധിക്കാലം !



രസമുള്ള കാലമാണത്,
ഉറങ്ങാതിരിക്കാം, ചിലപ്പോൾ ഉണരാതിരിക്കാം, 
തടസ്സങ്ങളൊന്നുമില്ല.

തണലിനും ചാരിയിരിക്കാനും 
പാതിയുണങ്ങിയ മുൾച്ചെടികൾ മാത്രമുള്ള, 
വരണ്ട ഭൂമിയെ പകുത്തുചെല്ലുന്ന 
വഴിയരികിലെ വിശ്രമമാണത്. 

കൊടിയ വേനൽക്കാട്ടിൽ 
നീരോർമ്മയിൽ പൊള്ളുന്ന 
തടിനിയുടെ കരയിലൊരു 
നിതാന്തധ്യാനത്തിന്റെ ഒറ്റക്കാൽനിൽപ് !

പലരാത്രികൾ പകലുകൾ 
ഇരുണ്ടുനിന്നിടമുറിയാതെ പെയ്യുന്ന 
മഴയെ നോക്കിയിരിക്കലാണത്. 
വിശപ്പിനെ, മടുപ്പിനെ, പേടിയെ പോറ്റുന്ന 
വറുതിയുടെ ദിനരാത്രങ്ങൾ പോൽ.

പറയാൻ മറന്ന വാക്കുകളെയൊരു  
പുതപ്പിനുള്ളിൽ ചേർത്ത് 
പഴംകഥകൾ പറഞ്ഞുറക്കാതിരിക്കൽ. 
ഓർമ്മപ്പെടുത്തലുകളിൽ 
പ്രതീക്ഷയുടെ വിത്തുകളുണ്ട് ! 

പോയകാലം പോലെയൊന്നാണ് 
വരനുള്ളതെന്നാവർത്തിച്ചു പറയാം. 
വിശ്വാസങ്ങളെ ഹിപ്നോടൈസ് ചെയ്തും 
ബോധത്തെ സത്യം ചെയ്യിപ്പിച്ചും 
യഥാതഥ്യത്തെ മതം മാറ്റാം.  

മനസ്സൊരു മടിയന്‍കുട്ടിയായ്
കണ്ണടച്ചിരിക്കുമ്പോൾ കേൾക്കാം  
മോഹങ്ങളുടെ മണിക്കിലുക്കം 
നായികയും പാട്ടും നല്ല ലൊക്കേഷനും 
ഒരിക്കലും കട്ട് പറയാത്ത സംവിധായകനും. 

മഞ്ഞവെയില്‍ സായാഹ്നങ്ങളില്‍ 
മാനം നോക്കിയിരുന്നാല്‍ കാണാം
സ്വപ്നങ്ങളുടെ പുറപ്പാട്.
എന്തോരം തൊങ്ങലും  
തോരണങ്ങളുമാണെന്നോ !
നിറങ്ങളേഴല്ലായിരമാണെങ്ങും !

ഒരു നിമിഷം പോലും 
ആരോടും പങ്കുവെയ്‌ക്കേണ്ടതില്ലാത്ത 
എങ്ങോട്ടു തിരിഞ്ഞാലും തഞ്ചങ്ങളുള്ള 
ഈയൊറ്റയാൾ അവധിക്കാലം 
നല്ല രസമുള്ള കാലമാണ് !

Friday 31 July 2020

കാലത്തിന്റെ വിപരീതം !

4 Sep 2019

കാലം ജീവിക്കുന്നത് നിന്നിലൂടെ,
നീ നടക്കുമ്പോൾ നടന്നും
നീ കിതയ്ക്കുമ്പോൾ കിതച്ചും.

നീ പോകും പാതയിൽ
കാലം നിൻ കാലടി തിരഞ്ഞെത്തുന്നു.
പിന്നെയത് നിന്നോടൊപ്പം നീയായി
നിന്റെ കാലമായി നീ തീരുവോളം !

നീയോ എന്‍റെ നഷ്ടപാതി,
ഊര്‍ന്നുപോം ജീവന്‍റെ ദീപനാളം !
നീയാഞ്ഞുകത്തുമ്പോള്‍
എനിക്കെത്ര വെളിച്ചം !

നിന്‍റെ വെളിച്ചത്തിലെന്‍റെ നിഴല്‍
പിന്നിലെയനന്തതയോളം നീണ്ടത് !
അനാദി, ഞാന്‍ വെളിച്ചം പോലല്ല
നിന്നേപ്പോലല്ല, ഞാന്‍ നിന്‍റെ വിപരീതം !

നിനക്കു ഞാനാണ് ഋണഹരണചിഹ്നങ്ങള്‍ !
നീ കൂട്ടിയും പെരുക്കിയും മേലോട്ട്
ഞാനോ നിന്നിലേക്ക്
ശിഷ്ടമില്ലാതൊതുങ്ങുന്നു.

നീയാണ് കാലം
ഞാന്‍ നിന്‍റെ വിപരീതം !
മൂന്ന് ഭാവങ്ങളേകമായ് ഞാന്‍,
കാലത്തിന്‍റെ വിപരീതം
നിശബ്ദം നിശ്ചലം നിശൂന്യം !

Wednesday 17 June 2020

സംക്രമണം

1st Feb 2014 കവിതകള്‍ ഗ്രൂപ്പില്‍

വരമായ് കിട്ടിയോരക്ഷരങ്ങളെല്ലാം
ഒരുമിച്ചു കൂട്ടിവച്ചതിന്മേൽ അടയിരുന്ന്,
ആറ്റുനോറ്റ് വിരിയിച്ച വാക്കുകളൊക്കയും
സ്വന്തം ആകശങ്ങൾ തേടി പറന്നു പോകുമ്പോള്‍,
നഷ്ടങ്ങളുടെ കൂട്ടിൽ ശൂന്യതയുടെ ആഴം
അളന്നും ഗണിച്ചും ഞാനിരുന്നു.
ചില്ലകളിൽ നിന്ന് ചില്ലകളിലേക്ക്
അവസാനമില്ലാത്ത അന്വേഷണങ്ങളുടെ തുടർയാത്രകൾ.
ഏത് യാത്രയിലാവാം
നിരാശയുടെ മുറുക്കാന്‍കറയെൻറെ
ആത്മവിശ്വാസത്തിന്റെ ഉത്തരീയത്തിൽ വീണത്!
അന്ന് തൊട്ട് ചിന്തകളൊക്കെയും
ആത്മാവിന്റെ സ്പന്ദനമളക്കാനായി
എന്നെ സ്പർശിച്ച മർദ്ധമാപിനിയിൽ
ഋണാങ്കങ്ങളായി പരിണമിച്ചു.
ഭാരമില്ലാതെ, വായുവിലീ താപവ്യതിയാനങ്ങൾക്കൊത്ത്
ഞാന്‍ വഴുതിനീങ്ങുമ്പോൾ
എന്റെ വാക്കുകളുടെ ചിറകുകൾക്കടിയിലുണരുന്ന
കൊടുങ്കാറ്റിന്റെ അവരോഹണത്തിൽ
അടിതെറ്റിയ ഞാൻ, വീഴുകയാണ്.
വീണുവീണ് ഏഴ് തലങ്ങളും താണ്ടിയൊടുവില്‍ 
വിധിയുടെ എഴുത്തുപുരകളിൽ
കണ്ടുമുട്ടുന്ന കർമ്മഫലങ്ങൾ പരസ്പരം വാക്കുകളെറിഞ്ഞു
തകരുമ്പോൾ ചിതറുന്ന അക്ഷരങ്ങള്‍
എനിക്കു വരമായി നൽകുന്നു  വിധാതാവ്,
ഒപ്പമൊരു പുതിയ നിയോഗത്തിന്റെ തിരക്കഥയും.
അക്ഷരത്തെറ്റു വരുത്താത്ത തൂലികയായ് 
ഇനി ഞാന്‍ പുനർജ്ജനിക്കാം !

Sunday 21 April 2019

എന്‍റെ കവിത

അമ്പലക്കുളക്കല്‍പ്പടവിലന്ന്
അവനവളെ പുണരാനായ്
തന്നിലേക്ക് വലിച്ചുചേര്‍ത്തപ്പോള്‍
കഴുത്തിലിട്ട മാല പൊട്ടിയതില്‍ നിന്നൂര്‍ന്ന പലവര്‍ണ്ണമണിമുത്തുകളാകെയും
കല്‍പ്പടവുകളില്‍ വീണൊന്നൊന്നായി
താളത്തില്‍ തുള്ളിത്തുള്ളി 
താഴേക്ക് പോകുന്നതാണെന്‍റെ കവിത.

എനിക്കവിടെ വഴിതെറ്റി.
ഉത്സവപ്പറമ്പിലെയാള്‍ക്കൂട്ടത്തില്‍
അവളുടെ കൈവിരല്‍ത്തുമ്പ് നഷ്ടമായി.
മായക്കാഴ്ചകളുടെ കൊടിയിറങ്ങിയ
മേടസംക്രമസന്ധ്യയില്‍
കിഴക്കേനടയിലെ ആല്‍മരച്ചോട്ടില്‍
എന്നേയുംകാത്തുനിന്ന
അവളുടെ കണ്ണിലെ വിഹ്വലതയാണെന്‍റെ കവിത.

തോട്ടുവക്കിലെയുപ്പിലക്കൊമ്പില്‍
ദീര്‍ഘധ്യാനത്തിന്‍റെയേകാഗ്രനിമേഷത്തില്‍
നീര്‍ച്ചുഴിയിലേക്കൂളിയിട്ടൊരൂ
മീനുമായിപ്പൊങ്ങുമപ്പൊന്മാനിന്‍റെ
ചിറകില്‍നിന്നും വിണുചിതറുന്ന
നീര്‍ത്തുളികളാണെന്‍റെ കവിത.

നിഘണ്ടുവിലിനിയും ചേര്‍ത്തിട്ടില്ലാത്ത
ഭാഷയ്ക്കും വ്യാകരണത്തിനുമന്യരായ  ചില അര്‍ത്ഥമില്ലാശബ്ദങ്ങളെ
ആത്മഹര്‍ഷത്തിന്‍റെയജ്ഞശാലയില്‍
ഹവിസ്സായര്‍പ്പീച്ചുണര്‍ത്തിയ
വേദമന്ത്രങ്ങളാണെന്‍റെ കവിത.

തൊട്ടുമുമ്പ്, പ്രീയപ്പെട്ടവരാരോ വിടചൊല്ലിപ്പിരിഞ്ഞുപോയ സായാഹ്നത്തില്‍,
മഞ്ഞവെയിലിന്‍റെ തിളക്കം കുറഞ്ഞ
നാലുമണിപ്പൂവിന്‍റെ ചിരിമാഞ്ഞുപോയ
വിരസമായ ഏകാന്തതയില്‍,
ഉള്ളിലൊരു ശൂന്യത കനക്കുമ്പോള്‍,
കണ്‍കോണില്‍ നിന്നും പിടഞ്ഞുവീഴുന്ന
ഒറ്റത്തുള്ളി കണ്ണീരാണെന്‍റെ കവിത.

നിസ്സഹായതയുടെ ഉച്ചത്തില്‍
ഒറ്റപ്പെടലിന്‍റെ കറുത്തവാവ് രാത്രിയില്‍
തിരിച്ചറിവുകളുടെ നീര്‍പ്പോളയില്‍
കരയറിയാതെ തുഴയുമ്പോള്‍
എന്നിലെയുന്മാദം ചിരിച്ചാര്‍ത്തുപെയ്യുന്ന
ചാറ്റല്‍മഴയാണെന്‍റെ കവിത.

എന്‍റെ കവിത ഞാനാണ് നീയുമാണ്.
നിയതിയാണ് നിയോഗമാണ്
പരിവര്‍ത്തനത്തിന്‍റെ അടിക്കുറിപ്പുകളുമാണ്.

2015 Dec 5 FB

Wednesday 16 January 2019

പെ(ഉ)ണ്മൈ

നിങ്ങള്‍ പെണ്ണുങ്ങളോട് വഴക്കിനു പോയിട്ടുണ്ടോ ?
ഇല്ലെങ്കിൽ ഇനിയും പോകരുത്.
അത് വളരെ ദുർഘടവും അപകടം പിടിച്ചതുമായ ഒരു പ്രവൃത്തിയാണ്.
കാര്യമായ കാര്യമൊന്നുമില്ലാതെയാവും നിങ്ങളുടെ ചീത്തസമയത്തിന്റെ ആരംഭം. 
ന്യായീകരിക്കലും ചൂടൻ വാദങ്ങളും കൊണ്ട് മികച്ച ഒരു തുടക്കം തന്നെയാവും അത്.
ആദ്യമൊക്കെ അല്പം ലോജിക് ആ പരിസരത്തുണ്ടാകും. കട്ടയ്ക്കു നിന്ന് പട വെട്ടുന്നത് കാണുമ്പോ.. ഹെന്‍റെ പൊന്നോ.. നിങ്ങള്‍ക്കുതന്നെ ആരാധനയും സ്നേഹവും എന്തിനു, ചില നേരം പ്രണയംവരെ തോന്നിപ്പോകും. കാര്യങ്ങളൊരു ഇംഗ്ലീഷ് ഫിക്ഷൻ മൂവി പോലെ മുന്നേറുമ്പോഴാവും കാലാവസ്ഥയിൽ ചെറിയ മാറ്റങ്ങൾ പ്രകടമാകുന്നത്. സെന്റി എന്ന് വിളിപ്പേരുള്ള ചില പ്രയോഗങ്ങളാവും ആദ്യം. പിന്നെ ചരിത്രപരിശോധന നടക്കും. തദവസരത്തിൽ നടക്കുന്ന യുദ്ധവുമായി പുലബന്ധം പോലുമില്ലാത്ത ഉദാഹരണങ്ങളും  ചരിത്രരേഖകളും നിരത്തി നിങ്ങളെയവര്‍ ഞെട്ടിച്ചുകളയും.
പക്ഷെ ഇന്റർവെൽ ആകാറാകുമ്പോ കഥയാകെ മാറുന്നതാണ് യാഥാര്‍ത്ഥ ട്വിസ്റ്റ്. അപ്പോഴേക്കും ലോജിക്കും ന്യായവുമൊക്കെ പതുക്കെ സ്റ്റാൻഡ് വിട്ടിട്ടുണ്ടാവും. അങ്ങോട്ട് പറയുന്നതുപോലും  വേറെയേതോ കുഴലിലൂടെ പോയേലുംവേഗത്തിൽ നിങ്ങളുടെ നേരേ ചീറിപ്പാഞ്ഞു വരുന്നത് കാണാം. നിങ്ങൾ കാണുന്നത് ഒരു ത്രീഡി സിനിമയല്ലെന്നും ഓർക്കണം. ഇന്റർവെൽ ന്നു എഴുതിക്കാണിക്കുന്നതിനു തൊട്ടുമുമ്പാണത് സംഭവിക്കുന്നത്. ബ്രാഹ്മസ്ത്രത്തിന്‍റെ പ്രയോഗം ! അതെങ്ങനെ എപ്പോ എവിടെനിന്ന് പൊട്ടിമുളച്ചതെന്ന്  ചിന്തിക്കാനുള്ള സാവകാശം പോലും നിങ്ങള്‍ക്ക് ലഭിക്കില്ല സൂഹൃത്തേ.  ചെറുതോണി അണക്കെട്ടിൻറെ രണ്ടു ഷട്ടറുകൾ ഒരുമിച്ചുതുറന്ന പോലെയത്, ഇരുകണ്‍കളില്‍ നിന്നും ഒഴുകിയിറങ്ങും. തുടക്കത്തിൽ വാളും ചിലമ്പുമണിഞ്ഞുറഞ്ഞാടിയ മേഘങ്ങളുടെ അപ്രതീക്ഷിതമായ പ്രളയപ്പെയ്ത്ത് നിങ്ങളെ അസ്തപ്രജ്ഞനാക്കിയില്ലെങ്കിൽ...  നിങ്ങള് പുലിയാണ് ഭായ് !
ഇത് ഇടവേളയാണ്. ബെൽ അടിച്ചാലും ഇല്ലെങ്കിലും നിങ്ങളൊന്നു മുള്ളിയേച്ചും വരുന്നത് നല്ലതാണ്.

(ബാക്കി ഇന്‍റര്‍വെല്ലിന് ശേഷം )

ഈച്ചകള്‍

ചുറ്റും ഈച്ചകൾ ...
നൂറുകണക്കിന് ! അവയാർക്കുന്ന മൂളൽശബ്ദം ! 
കേൾക്കാൻ കഴിയുന്ന ആവൃത്തിക്കപ്പുറത്തു തുടങ്ങുന്ന
ഒരു രവം ശൂന്യവും വിദൂരവുമായ അനന്തപഥത്തിൽ നിന്നും
പരന്നൊഴുകിയതിരുകടന്നു വരുന്ന പോലെ.. 
അതിലൊരു ബഹളവുമുണ്ട് താളവുമുണ്ട് !
വേർതിരിച്ചെടുക്കാൻ കഴിയാത്ത കുറെ വാക്കുകൾ പോലെ.
അസാധ്യമായൊരു സംഗീതശില്പം പോലെ !
അതിൽ നിലവിളിയുണ്ടാകാം, ആർപ്പുവിളിയുമുണ്ടാകാം.
വഴക്കും വാദവും സ്വാന്തനവും പരാതിയും പരിഭവവും തേങ്ങലും
അടക്കം പറച്ചിലും പരദൂഷണവും സുഖാന്വേഷണവും
നിർദ്ദേശങ്ങളും ആജ്ഞകളും അനുഗ്രഹങ്ങളും അപേക്ഷകളും
ചോദ്യങ്ങളും ഉത്തരങ്ങളും പ്രഖ്യാപനങ്ങളും പ്രസംഗങ്ങളും
സമരങ്ങളും പിറുപിറുക്കലും ആശംസകളും ആത്മഗതങ്ങളും
ശാപങ്ങളും വിടപറയലും വികാരങ്ങളുടെ വിവർത്തനങ്ങളുമുണ്ടാകാം.
പഴയ കാമുകിയുടെ ഭർത്താവു ഗൾഫിൽ നിന്നും വന്നപ്പോൾ തന്ന
ചോക്ലേറ്റ് കവർ പൊളിചെങ്കിലും കഴിക്കാൻ തോന്നാതെ വെച്ചതൊന്നുമല്ല,
ഈച്ചകളിങ്ങനെ വന്നു നിറയാൻ കാരണം.
കൈവിട്ടു താഴെവീണുടഞ്ഞ മധുരത്തിനും ഇത്രേം
ഈച്ചകളെ ആകർഷിക്കാൻ കഴിയുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ !!
വേരിൽ കായ്ച്ച പഴംചക്കയൊന്നു പഴുത്തപിൻ 
സ്വയം ഞെട്ടറ്റു ചാടിവീണത് പ്ലാവിനടുത്തുള്ള പാറ മേലെ !
ഉടഞ്ഞുചിതറിയ ചക്കപ്പഴമാണ് ജീവിതമെന്നും പറഞ്ഞ് അതും നോക്കിയിരിക്കുന്ന ഞാനും !
ചുറ്റും നൂറായിരം മണിയനീച്ചകളാർക്കുന്നു !

ഒറ്റക്കടല്‍

ഉള്ളിലൂറുന്നുണ്ട്
തീവ്രശോകത്തിനിറ്റുകള്‍ !

നോവിനതിമാത്രകളൊരു
പെരുങ്കടലായി,
പരപ്പിലല്ല, ആഴത്തിൽ !

മലമുകളിലൊഴുകിത്തുടങ്ങും
പുഴയുടെയുറവകളേ 
നിങ്ങൾ വഴിമാറിപ്പോക,
മറുകടലുതേടിപ്പോക

ഒരു പുഴയുമൊഴുകി
വരരുതിതിലേക്ക്,
വരികിലതിൻ പുഴമ മാഞ്ഞ,ത്
വെറുമൊരു കടലിന്‍റെ
ഉപ്പുനീരായലിഞ്ഞുപോം !

മഴയിതിലേക്കു പെയ്യില്ല
നീന്തിത്തുടിക്കും ജലജീവനങ്ങളില്ല
ഒരു കാറ്റിൻ തലോടലില്ല
ചലനമായി ചെറുതിരപോലുമില്ല
മേഘങ്ങൾ ചുംബിക്കുമതിരുമില്ല
കേവലം ചാവുകടലാണ് ഞാന്‍ !

ഞാനൊരു പുരാതനന്‍ ശാപഗ്രസ്തൻ !
ഒടുവിലാറ്റിക്കുറുക്കിയൊരു കുമ്പിൾ നീരായ്
നിന്‍ കൈക്കുടന്നയില്‍ കനിവുതേടുന്നു !
വിരലിടവിടവിലൂടൂർന്നുപോം മുന്‍
ഉച്ചിവെയിലെന്നെക്കുടിച്ചുതീർക്കും മുന്‍
നിൻ പദകലയാഴത്തില്‍ പതിപ്പിച്ചൊരു
ചെറുകുഴിതീര്‍ത്തതിലെന്നെ സംസ്കരിക്കു !

പോകാനിടമില്ലാത്തവന്റെ അവധിക്കാലം !

രസമുള്ള കാലമാണത്, ഉറങ്ങാതിരിക്കാം, ചിലപ്പോൾ ഉണരാതിരിക്കാം,  തടസ്സങ്ങളൊന്നുമില്ല. തണലിനും ചാരിയിരിക്കാനും  പാതിയുണങ്ങിയ മുൾച്ചെടികൾ മാത്രമുള്...